India Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍ പുനരധിവാസത്തിലെ അവ്യക്തത പരിഹരിക്കുമെന്ന് സബ്ബ് കലക്ടറുടെ ഉറപ്പ്

മരട് ഫ്ലാറ്റ് പൊളിക്കല്‍ പുനരധിവാസത്തിലെ അവ്യക്തത പരിഹരിക്കുമെന്ന് സബ്ബ് കലക്ടറുടെ ഉറപ്പ്. പുനരധിവാസത്തിനുള്ള ഫ്ലാറ്റുകളുടെ പുതിയപട്ടിക നഗരസഭ ഇന്ന് ഉടമകള്‍ക്ക് നല്‍കും. മൂന്നാം തിയ്യതി ഫ്ലാറ്റുകള്‍ ഒഴിയണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. എന്നാല്‍ മാറി താമസിക്കാന്‍ ഫ്ലാറ്റുകള്‍ കണ്ടെത്തുന്നത് വൈകുന്നതോടെ നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ ഒഴിയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഇന്നലെ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയിരുന്നു.

നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഫ്ലാറ്റുടമകള്‍ക്ക് സബ്ബ് കലക്ടര്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ഉടമകള്‍ക്ക് നല്‍കിയ ഫ്ലാറ്റുകളുടെ പട്ടിക പുനക്രമീകരിക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകി. ഇന്നലെ തന്നെ പുതിയപട്ടിക കൈമാറാമെന്നാണ് അറിയിച്ചിരുന്നെങ്കിലും വിവരശേഖരണം പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ ഇന്ന് പുതിയ പട്ടിക നല്‍കാമെന്നാണ് സബ്ബ് കലക്ടര്‍ ഉടമകളെ അറിയിച്ചത്. എന്നാൽ പുതിയ പട്ടിക ലഭിച്ചാലും മൂന്നാം തീയതിക്കകം ഒഴിയാൻ സാധിക്കുമോ എന്ന് സംശയിക്കുന്നതായി ഉടമകൾ പറഞ്ഞു.

ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 11ആം തിയ്യതി തന്നെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടിക്രമങ്ങള്‍ നഗരസഭ ആരംഭിക്കും. എന്നാൽ എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഫ്ലാറ്റ് പൊളിക്കുമ്പോഴുള്ള സുരക്ഷ അശങ്ക സംബന്ധിച്ച് വിശദമായ പഠനം നടത്തനും അടുത്ത മാസം 12,13,14 തിയ്യതികളിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.