India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍

മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍. ഫ്ലാറ്റുകള്‍ വാങ്ങിയ സമയത്ത് ഏതെങ്കിലും നിയമപ്രശ്നം ഉള്ളതായി അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അതേസമയം സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം.

ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തില്‍ സുപ്രിം കോടതി നിലപാട് കര്‍ശനമാക്കിയതോടെ ആകെയുള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ഫ്ലാറ്റുകള്‍ വാങ്ങിയ നൂറ് കണക്കിന് ഫ്ലാറ്റുടമകളാണ് ആശങ്കയില്‍ കഴിയുന്നത്. സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട 5 ഫ്ലാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പത്ത് വർഷം മുന്‍പ് 40 ലക്ഷം രൂപ മുടക്കി ഫ്ലാറ്റുകള്‍ വാങ്ങിയവര്‍ മുതല്‍ അടുത്തകാലത്ത് കോടികള്‍ മുടക്കി വരെ ഫ്ലാറ്റുകള്‍ വാങ്ങിയവരാണ് ഇവിടെയുള്ളത്. വാങ്ങുന്ന കാലത്ത് നിയമവിരുദ്ധമാണെന്നോ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നോ തങ്ങള്‍ക്കറിയുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

അതേസമയം കോടതി വിധി നടപ്പാക്കാതെ വഴിയില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും മരട് നഗരസഭ അധികൃതര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫ്ലാറ്റുടമകള്‍ നല്‍കിയ ഹരജി തള്ളിയ കോടതി ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെയടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രികമായ ശ്രമം നടന്നുവെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.