മരടിലെ അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. ഫ്ലാറ്റ് നിര്മാതാക്കള്ക്കെതിരായി ഉടമകള്‍ നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. നഷ്ടപരിഹാരം കണക്കാക്കാന്‍ സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ മൂല്യനിര്‍ണയവും തുടരുകയാണ്.
ഇന്ന് ആല്‍ഫ സെറീന് നിര്‍മാതാക്കളും നാളെ ജെയ്ന്‍, ഹോളി ഫെയ്ത്ത് നിര്‍മാതാക്കളും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ നിയമവിരുദ്ധമാണെന്ന വിവരം മനപൂര്‍വ്വം മറച്ചുവെച്ചാണ് നിര്‍മാതാക്കള്‍ വില്‍പ്പന നടത്തിയതെന്നാണ് ഉടമകളുടെ പരാതി. കായലും ചതുപ്പ് നിലവും കയ്യേറിയാണ് നിര്‍മാണമെന്ന് ക്രൈംബ്രാഞ്ച് സംഘവും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത നിര്‍മാണത്തിന് അക്കാലത്തെ മരട് പഞ്ചായത്ത് സെക്രട്ടറിയടക്കം ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ആല്‍ഫ സെറീന് ഉടമ പോള്‍ രാജ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ കമ്മീഷന് ഇടക്കാല നഷ്ടപരിഹാരം സംബന്ധിച്ച രണ്ടാമത്തെ ലിസ്റ്റ് ഇന്ന് കൈമാറും. ഇന്നലെ 14 ഫ്ലാറ്റുകളുടെ നഷ്ടപരിഹാര തുക കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ തുകയാണ് കമ്മീഷന് ഇടക്കാല നഷ്ട പരിഹാരമായി ശിപാര്‍ശ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന് രേഖകള്‍ പരിശോധിച്ച് ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിക്കുന്നത്.