India Kerala

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അതിനിടെ മുൻകൂർ ജാമ്യം തേടി നിർമാതാക്കൾ കോടതിയെ സമീപിച്ചു. സർക്കാർ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കൈമാറും എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ.

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാവേണ്ടത് ആല്‍ഫാ വെഞ്ചേഴ്സ് ഉടമകളാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് കെട്ടിട നിര്‍മാതാകളും ഹാജരാകും. മുന്‍കൂര്‍ ജാമ്യം തേടി ബില്‍ഡര്‍മാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ് ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് ഫ്ലാറ്റുകൾ കൈമാറുന്നത് കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം തീരുമാനമുണ്ടാവുകയുള്ളൂവെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി.

അതേ സമയം ഉടമകൾക്ക്‌ നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം കൊച്ചിയിൽ തുടരുകയാണ്. നേരെത്തെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്ലാറ്റ് ഉടമകൾക്ക് രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം നീട്ടി നൽകിയിരുന്നു. ഇതുവരെ 241പേരാണ് നഗരസഭയ്ക് രേഖകൾ കൈമാറിയത്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്ലാറ്റ് നിർമാതാക്കൾക്ക് നൽകിയ യഥാർത്ഥ തുക ഉള്‍ക്കൊള്ളിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സമിതി ഫ്ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയും പ്രമാണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട്‌ സമിതിക്ക് കൈമാറും.