Kerala

സി.പി ജലീലിനെ വെടിവെച്ച് കൊന്നിട്ട് ഒരു വര്‍ഷം; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്നതിന് പകരം ആഭ്യന്തര വകുപ്പിനാണ് സമര്‍പ്പിച്ചതെന്ന് ജലീലിന്‍റെ സഹോദരന്‍ സി.പി റഷീദ്

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ വെടിവെച്ച് കൊന്ന ലക്കിടി റിസോര്‍ട്ട് വെടിവെപ്പിന് ഒരു വര്‍ഷം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജലീലിന്‍റെ കുടുംബം. മജിസ്റ്റീരിയില്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും ആരോപണമുണ്ട്.

വയനാട് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ മാവോവാദികൾക്കു നേരെ നടന്ന പൊലീസ് വെടിവെപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് സംഭവത്തില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ കുടുംബം ആരോപിക്കുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം നിരാകരിക്കപ്പെട്ടെന്നും മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്നതിന് പകരം ആഭ്യന്തര വകുപ്പിനാണ് സമര്‍പ്പിച്ചതെന്നും ജലീലിന്‍റെ സഹോദരന്‍ സി.പി റഷീദ് ആരോപിച്ചു.

വെടിവെപ്പിൽ തലക്ക് പിന്നിലും കയ്യിലും വെടിയേറ്റാണ് മാവോവാദി കബനീദളം ഏരിയ സമിതി അംഗവും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി. ജലീൽ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമേറ്റെടുത്തെങ്കിലും ബന്ധുക്കളുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പുനല്‍കിയ ക്രൈംബ്രാഞ്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല.