Kerala

മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്മാൻ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയിൽ ലഘു ലേഖ കണ്ടെത്തിയത്. കോഴിക്കോട്ടെ ഓഫിസിൽ നിന്നാണ് ലഘു ലേഖ കണ്ടെത്തിയത്. നേരത്തെ വ്യാപാരികൾക്ക് നൽകിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് കണ്ടെത്തിയത്.

മൂന്ന് വ്യാപാരി പ്രമുഖർക്ക് കത്ത് ലഭിച്ചിരുന്നു. കുറിപ്പുകൾ കണ്ടെത്തിയത് പാറോപ്പടി ഹബീബ് റഹ്മാന്റെ ഓഫീസിൽ നിന്നാണ്. ഇരുവര്‍ സംഘത്തില്‍ ഒരാള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികള്‍ക്ക് കത്ത് ലഭിച്ചിരിരുന്നത്. വയനാട്ടില്‍ നിന്നും രജിസ്റ്റേര്‍ഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികള്‍ക്കാണ് ലഭിച്ചത്.

കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സംശയിച്ചിരുന്നു. കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ ഇരുവര്‍ സംഘം അവിടെ നിന്ന് രജിസ്റ്റര്‍ കത്ത് അയക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ പേരില്‍ ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയായിരുന്നു. ഇരുവര്‍ സംഘത്തില്‍പ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് എസിപി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സംഭവത്തിൽ പ്രതികളായ ഹബീബ് റഹ്മാൻ, ഷാജഹാൻ എന്നിവർ അറസ്റ്റിലായിരിക്കുന്നത്.