Kerala

ദുരിതാശ്വാസ നിധിയിലേത് സംഘടിത തട്ടിപ്പ്, പിന്നിൽ ഏജന്‍റുമാര്‍; മനോജ് എബ്രഹാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേട് നടന്നതായി വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം. ഏജന്റുമാരുടെ പങ്ക് വ്യക്തമാണ്. ക്രമക്കേട് എല്ലാജില്ലകളിലുമുണ്ട്. വില്ലേജ് ഓഫിസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധിക്കും. നിലവിലെ അപേക്ഷകളില്‍ തടസം ഉണ്ടാകില്ല. വിജിലന്‍സ് അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു.

ഓപ്പറേഷൻ സിഎംഡിആർഎഫ് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മനോജ് എബ്രഹാം പറഞ്ഞു. സർക്കാരിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകൾ എല്ലാ ജില്ലകളിലും ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്ന് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന ഇന്നും നാളെയും നടത്തുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. സംഘടിതമായ തട്ടിപ്പെന്നാണ് മനസിലാക്കുന്നത്. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.