തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കത്തിലെ സര്‍ക്കാര്‍ നിലപാടിലൂടെ ഇരു സഭകളുടെയും എതിര്‍പ്പ് ക്ഷണിച്ച് വരുത്തുകയാണ് ഇടത് മുന്നണി. ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് ഓര്‍ത്തോഡോക്സ് സഭയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ ജില്ല ഭരണ കൂടത്തിന്റെ നിലപാട് രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണെന്നാണ് യാക്കോബായ സഭയുടെ നിലപാട്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കലവറയിലാത്ത പിന്തുണയില്‍ തുടങ്ങി വനിത മതിലിലെ ബിഷപ്പുമാരുള്‍പ്പെടെയുള്ള പങ്കാളിത്വം വരെ ഇടതിനൊപ്പം നിന്നതാണ് ഓര്‍ത്തഡോക്സ് സഭ. കോതമംഗലത്തെ പള്ളി തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.പക്ഷെ തൃശൂര്‍ മാന്ദാമംഗലത്ത് ഭദ്രാസനാധിപന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ രോഷം ചെറുതല്ല. ഓര്‍ത്തോഡോക്സ് സഭയുടെ ഈ എതിര്‍പ്പ് ഏറ്റു വാങ്ങുമ്പോള്‍ തന്നെ യാക്കോബായ സഭയുടെ അതൃപ്തിക്ക് കൂടി ഇരയാവുകയാണ് ഇടത് മുന്നണി. .
മാന്ദാമംഗലത്തെ ഓര്‍ത്തഡോക്സ് കുടുംബങ്ങള്‍ മുപ്പതില്‍ താഴെ മാത്രം. ഇവര്‍ക്ക് സ്വന്തമായി വേറെ ആരാധനാലയവുമുണ്ട്. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം പ്രാവര്‍ത്തികമാക്കിയാല്‍ ആരാധനക്ക് തങ്ങളെവിടെ പോകുമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ചോദ്യം. സ്ഥായിയായ രാഷ്ട്രീയ നിലപാടുകളില്ലാത്ത യാക്കാബായ സഭയുടെ ഈ ചോദ്യത്തിന് മുന്നില്‍ വിയര്‍ക്കും ഇടത് മുന്നണി. പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ കേസുകള്‍ ദുര്‍ബലമാക്കി ഇരു വിഭാഗത്തിന്റെയും പ്രതിഷേധം തണുപ്പിക്കാനാണ് ഇടത് ശ്രമം.