മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്‍മാറുന്നതോടെ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു. ഇനി ഹരജി പരിഗണിക്കുന്ന ദിവസം കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷനല്‍കാനാണ് അഭിഭാഷകന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത.
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്‍ലിം ലീഗിന്‍റെ പി.ബി അബ്ദുൽ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതിന്‍റെ കണക്കാണ് കോടതിക്ക് നല്‍കിയത്. ഇതിനിടെ പി.ബി അബ്ദുൽ റസാഖിന്റെ അപ്രതീക്ഷിത മരണമുണ്ടായെങ്കിലും കേസ് തുടരാൻ തന്നെയായിരുന്നു സുരേന്ദ്രന്റെ തീരുമാനം. എന്നാൽ കേസിലെ സാക്ഷികളെ ഏറെക്കുറെ വിളിച്ചു വരുത്തുകയും നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സുരേന്ദ്രൻ ഹരജി പിൻവലിക്കാൻ തീരുമാനിക്കുന്നത്.
കേസ് അനന്തമായി നീണ്ടുപോകുകയും ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പ് നേരിടുന്നത് എളുപ്പമാകില്ലെന്നുമുള്ള സൂചനയെ തുടർന്നാണ് സുരേന്ദ്രന്‍റെ പിന്‍മാറ്റം.