HEAD LINES Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി . കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. നേരത്തെ വിടുതൽ ഹർജി പരിഗണിക്കണമെങ്കിൽ മുഴുവൻ പ്രതികളും കോടതിൽ ഹാജരാകണമെന്ന നിർദേശം കോടതി നൽകിയിരുന്നു.(manjeshwaram election corruption case bail for k surendran)

ഇതേ തുടർന്നാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള 6 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോണ്ട എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ.