India Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴു വയസുകാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളുടെ കയ്യിലെ ടാഗിലെ പേരില്‍ വന്ന സാമ്യമാണ് ആളു മാറാൻ കാരണമായതെന്നാണ് സൂചന . ഡോക്ടര്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഇൗ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ശസ്ത്രക്രിയ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് ഡോക്ടറെ വിവരമറിയിച്ചപ്പോൾ ഉടൻതന്നെ മൂക്കിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കയ്യിലെ ടാഗിൽ എഴുതിയ പേരിൽ സാമ്യം വന്നതാണ് ആളു മാറാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വയറിൽ ശസ്ത്രക്രിയ നടത്താൻ തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. തിയറ്ററിൽ കയറ്റിയപ്പോൾ കുട്ടിക്ക് ഹെർണിയ കണ്ടെത്തിയപ്പോൾ ഉടനെ ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം.

ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.