Kerala

‘മദ്യമെത്തിയത് അമ്മയുടെ കൈകളിലൂടെ’; കല്ലുവാതുക്കല്‍ കേസില്‍ മണിച്ചന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കൂട്ടുപ്രതി ഹയറുനിസയുടെ മകള്‍

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചന്റെ മോചനം നേരത്തെയാവണമായിരുന്നെന്ന് കൂട്ടുപ്രതി ഹയറുന്നിസയുടെ മകള്‍ ഷീബ. മണിച്ചന്‍ ഒരു തെറ്റും ചെയ്യാതെയാണ് ജയിലില്‍ കിടന്ന് ദുരിതമനുഭവിച്ചത്. മണിച്ചന്‍ അല്ല മദ്യം കച്ചവടം ചെയ്തതെന്നും അമ്മയുടെ കൈകളിലൂടെയാണ് മദ്യം എത്തിച്ചതും കഴിച്ചതുമെന്നും ഹയറുന്നിസയുടെ മകള്‍ ട്വന്റിഫോറിനോട് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ഹയറുന്നിസയുടെ മകള്‍ പറഞ്ഞു.

അതേസമയം മണിച്ചന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവില്‍ തിരുവനന്തപുരം നെട്ടുകാല്‍ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചന്‍ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ 22 വര്‍ഷമായി ജയിലിലാണ്.

ഇന്നലെയായിരുന്നു സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം. പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ തടവ് അനുവദിക്കണം എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. 22 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാല്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകന്‍ ?കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നല്‍കിയത്.