India Kerala

പാലാ: പ്രചാരണ രംഗത്ത് എൽ.ഡി.എഫ് മുന്നില്‍

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് ഒരു പടി കൂടി കടന്നിരിക്കുകയാണ് എൽ.ഡി.എഫ്. പാലായിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. പാലായിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കിയാണ് എല്‍.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷനിലേക്ക് എത്തിയത്. ഇത്തവണ വിജയ സാധ്യതയുള്ളതിനാൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പാലായിൽ നടന്ന കൺവൻഷനിൽ നാല് മന്ത്രിമാർ ഉൾപ്പെടെ എല്‍.ഡി.എഫ് നേതാക്കൾ ഒന്നടങ്കം പങ്കെടുത്തു. മാളയിലും തിരുവല്ലയിലും യു.ഡി.എഫിന്റെ തുടർച്ചയായ വിജയങ്ങളെ അട്ടിമറിച്ചത് പോലെ പാലായിലും സംഭവിക്കുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരള കോൺഗ്രസിലെ തർക്കം മുതലെടുത്ത് വിജയം ഉറപ്പാക്കണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നേതാക്കൾ അഹ്വാനം ചെയ്തു. പാല നഗരത്തിൽ നടത്തിയ നിയോജക മണ്ഡലം കൺവെൻഷന് വൻ ജനപങ്കാളിത്തവും ഉണ്ടായി. മാണി സി കാപ്പന്റെ പ്രചരണ ഗാനങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു.