Kerala

‘പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴി തേടേണ്ടി വരും’: നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന ചര്‍ച്ചക്കിടെ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം എന്‍സിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും.

ജോസ് കെ മാണിയും കൂട്ടരും ഇടത് പാളയത്തിലെത്തിയാല്‍ പാലാ കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍സിപി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റുകള്‍ കൈവിടരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശവും നല്‍കി. പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുമായി മാണി സി കാപ്പന്‍ അനൌദ്യോഗിക ആശയ വിനിമയം നടത്തുകയും ചെയ്തു. തനിക്കൊപ്പമാണ് ദേശീയ നേതൃത്വമെന്ന് കോണ്‍ഗ്രസ് നേതാക്കളെ മാണി സി കാപ്പന്‍ അറിയിച്ചു.

കോണ്‍ഗ്രസും എന്‍സിപിയിലെ പ്രശ്നങ്ങളെ വീക്ഷിച്ചു വരികയാണ്. എന്‍സിപി സംസ്ഥാന ഭാരവാഹി യോഗം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും തീരുമാനങ്ങളിലേക്ക് കടക്കില്ല. ജോസ് കെ മാണി മുന്നണിയുടെ ഭാഗമായ ശേഷം മാത്രം അക്കാര്യം അലോചിച്ചാല്‍ മതിയെന്നാണ് എ കെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നിലപാട്. ജോസ് കെ മാണിയും കൂട്ടരും വരുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ചയാകുമ്പോള്‍ പാലാ സീറ്റിന്റെ കാര്യം എന്‍സിപി ഉയര്‍ത്തും. അതുവരേയ്ക്കും പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് ശശീന്ദ്രന്റെയും കൂട്ടരുടേയും നിലപാട്. ഇതില്‍ മറുവിഭാഗം തൃപ്തരല്ല.