Kerala

മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പ്; പൊലീസ് ഒത്തുകളിയെന്ന് തിരുവഞ്ചൂർ

മാങ്ങ മോഷണക്കേസിൽ പൊലീസിൻ്റേത് ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഒത്തുകളിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസുകാരനെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ വർധിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

“അയാൾ അങ്ങനെ ഒരു മോഷണം നടത്തിയാൽ ആ മോഷണം ഒത്തുതീർപ്പ് എത്തിക്കുന്നതിനുവേണ്ടി അധികാരികൾ ഇടനിലക്കാരായി നിൽക്കുന്നത് ശരിയാണോ? കേസ് ചാർജ് ചെയ്ത് കോടതിയിൽ എത്തിയാൽ ആ കേസ് കോടതിക്ക് നീതിന്യായം നോക്കി ഒന്നുകിൽ ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ എന്തുവേണമെങ്കിലും ചെയ്യാം. കോംപ്രമൈസിൽ എത്തിക്കാൻ പറ്റുമോ? അപ്പോ കോംപ്രമൈസ് എന്നുള്ളത് നീതിന്യായ വ്യവസ്ഥക്കകത്ത് ഇല്ല. ഇത് സത്യം പറഞ്ഞാൽ നമ്മളുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. പോലീസ് സേനയെ യഥാർത്ഥത്തിൽ ശുദ്ധീകരിക്കുന്നതിനുള്ള നടപടി എടുക്കുന്നതിനു പകരം ആ പോലീസ് സേനയിലെ തന്നെ കറുത്ത ആടുകളെ പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിൻ്റെ പരിണിതഫലം എവിടെ പോലീസ് സേനയിലെ ക്രിമിനലൈസേഷൻ വർധിക്കും എന്നുള്ളതാണ്.”- തിരുവഞ്ചൂർ പ്രതികരിച്ചു.

മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഒത്ത് തീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസ് ഇന്നലെ കൈമാറിയിരുന്നു. പരാതിക്കാരന് കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി കോടതിയിൽ കഴിഞ്ഞദിവസമാണ് അപേക്ഷ നൽകിയത്.

അതേസമയം, ഒത്തു തീർപ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് രംഗത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ട്. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്.

അതേസമയം, കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.