Kerala

ഉത്സവപ്പറമ്പുകളിലെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

കുറച്ച് മാസങ്ങളായി വിവിധ അസുഖങ്ങൾ മൂലം കർണ്ണൻ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മംഗലാംകുന്നിലെ ആനത്തറവാട്ടിലായിരുന്നു കര്‍ണന്‍ ചരിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആന പ്രേമികളാണ് തങ്ങളുടെ പ്രിയപ്പെട്ട ആനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്.

അറുപത്തിയഞ്ചു വയസ്സോളം പ്രായമുള്ള കര്‍ണന്‍ 1991ലാണു വാരണാസിയില്‍ നിന്ന് മംഗലാം കുന്നിലേക്ക് എത്തുന്നത്. ഉത്സവത്തിന്റെ എഴുന്നള്ളത്ത്‌ തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുന്നത്‌ വരെ തല ഉയര്‍ത്തി തന്നെ നില്‍ക്കും എന്നതാണ് കര്‍ണന്റെ പ്രത്യേകത.

വടക്കന്‍ പറവൂരിലെ ചാക്കുമരശ്ശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം കര്‍ണന്‍ ആയിരുന്നു വിജയി. കഴിഞ്ഞ സീസണ്‍ കോവിഡ് മൂലം ഉത്സവങ്ങള്‍ നഷ്ടമായെങ്കിലും ഇത്തവണ കര്‍ണനെ വീണ്ടും ഉത്സവപ്പറമ്പുകളില്‍ കാണാന്‍ കഴിയും എന്നു കരുതിയിരിക്കുമ്പോഴാണ് ഇന്ന് പുലര്‍ച്ചെ കര്‍ണന്‍ ചെരിയുന്നത്.