Kerala

കടകളിൽ സാമൂഹിക അകലം നിര്‍ബന്ധം; ഇല്ലെങ്കില്‍ കട അടച്ചിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്. കടയില്‍ വരുന്നവര്‍ക്ക് നില്‍ക്കാനായി നിശ്ചിത അകലത്തില്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കണം. അത് കട ഉടമയുടെ ഉത്തരവാദിത്വം ആണ്. അത് നിറവേറ്റണം ഇല്ലെങ്കില്‍ കടയ്ക്ക് നേരെ നടപടികളുണ്ടാകും, കട അടച്ചിടേണ്ടിരും- മുഖ്യമന്ത്രി വ്യക്തമാക്കി.

കല്യാണത്തിന് 50 പേർക്കും ശവദാഹത്തിന് 20 പേർക്കുമാണ് അനുമതി. ഈ നിയന്ത്രണം തുടരും. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും.

സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3347 പേര്‍ക്ക് രോഗമുക്തി. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിൽ. 36,027 സാംപിൾ പരിശോധിച്ചു.