നാൽപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്ത് വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ ഉണ്ടായത്.കഴിഞ്ഞ വർഷത്തെക്കാൾ ദേവസ്വം ബോർഡിന് വരുമാനത്തിലും വർദ്ധനവുണ്ടായി.
യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഘർഷ ഭരിതമായിരുന്നു കഴിഞ്ഞ വർഷം ശബരിമല എന്നാൽ ഇത്തവണ നട തുറന്ന നവംബർ 16 മുതലുള്ള മണ്ഡല കാലം തീർത്തും ശാന്തമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തി. യുവതി പ്രവേശന വിധിയിലുള്ള പുനപരിശോധന ഹരജികൾ വിശാല ബഞ്ചിനു വിട്ടതോടെ അന്തിമ വിധി വരുന്ന വരെ യുവതി പ്രവേശനം വേണ്ടന്ന നിലപാടിലേക്ക് സർക്കാരുമെത്തി അതിനാൽ ഇത്തവണ പ്രതിഷേധങ്ങളും ശബരിമലയിൽ ഉണ്ടായില്ല.
41 ദിവസത്തെ മണ്ഡലതീർത്ഥാടന കാലത്ത് മുപ്പതു ലക്ഷത്തിലേറെ തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത് കഴിഞ്ഞ വർഷം 100 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ട ദേവസ്വം ബോർഡിനു ഇത്തവണ 156 കോടിയുടെ വരുമാനം ലഭിച്ചു. മകരവിളക്ക് ഉസവത്തിനായി ഡിസംബർ 30 ന് നട തുറക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അതെ സമയം തിരക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ഇത്തവണ പ്രകടമാവുകയും ചെയ്തു.