മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിന്റെ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവിന് ഭീഷണിയെന്ന് പരാതി. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മണക്കാട് സ്വദേശി ലക്ഷ്മണിന്റെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.
21-ാം തീയതി ഉച്ചയ്ക്കാണ് ഫോണിലേക്ക് രണ്ടു നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നെന്നും തന്നെയും തന്റെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതില്‍ പറയുന്നു. മൊബൈല്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം നടക്കുന്നത്. വധഭീഷണി ഉയര്‍ത്തിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സഹകരണ സംഘ തട്ടിപ്പ് കേസില്‍ മറ്റു നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.
അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസില്‍ കരമന പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് ശിവകുമാര്‍. ശാന്തിവിള സ്വദേശി മധുസൂദനന്റെ പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയത്.