Kerala

മാസ്ക് ധരിക്കാത്തതിന് പൊലീസ് മർദ്ദനം; സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് വയോധികനു നോട്ടീസ്

മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് മർദ്ദനം നേരിട്ട രാമാനന്ദൻ നായർ സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പിയാണ് നോട്ടീസ് അയച്ചത്. വരുന്ന നാലാം തീയതി സ്റ്റേഷനിലത്താനാണ് നോട്ടീസ്. അന്ന് ഹാജരായില്ലെങ്കിൽ താങ്കൾക്ക് ഒന്നും പറയാനില്ലെന്ന് കണക്കാക്കി കേസ് അവസാനിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. നേരത്തെ രാമാനന്ദൻ നായരോട് ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ ആയിരുന്ന ഷജീം, ആയുർ മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദൻ നായരോടാണ് ക്രൂര നടപടി സ്വീകരിച്ചത്. വൃദ്ധൻ പൊലീസിനെതിരെ പരാതി നൽകിയപ്പോൾ കേസുമായി പൊലീസും പിന്നാലെയെത്തി. പലകുറി കേസ് പിൻവലിക്കാൻ രാമാനന്ദൻ നായർക്ക് മേൽ പൊലീസിന്റെ സമ്മർദ്ദമുണ്ടായി.

കേസുമായി മുന്നോട്ടുപോയ രാമാനന്ദൻ നായർക്ക് ഇടുക്കിയിലെ ഡെപ്യൂട്ടി പൊലീസ് കാര്യാലയത്തിൽ നിന്നും ഒരു നോട്ടിസ് വന്നു. ചടയമംഗലം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഒന്നരവർഷത്തിന് ശേഷം, രോഗിയായ 70 പിന്നിട്ട രാമാനന്ദൻ ഇടുക്കി വരെ എത്തണമെന്നാണ് നോട്ടിസിൽ പറയുന്നത്. തനിക്ക് അതിനുള്ള സാമ്പത്തിക സഹായമോ ആരോഗ്യമോ ഇല്ലെന്ന് രാമാനന്ദൻ നായർ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇടുക്കിയിലെത്താൻ അഞ്ച് മണിക്കൂറാണ് വേണ്ടത്. അതായത് 183 കിലോമീറ്റർ ദൂരം. ഇത് വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാമാനന്ദൻ നായർക്ക് പുതിയ നോട്ടീസ് എത്തിയത്.