സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.
ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരന്തരം റീലുകൾ പോസ്റ്റ് ചെയ്തിരുന്നു.
ഈ ശീലത്തിന്റെ പേരിൽ അമിർതലിംഗം ചിത്രയുമായി എന്നും വഴക്കിട്ടിരുന്നു. കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാൻ തീരുമാനിച്ചു. ചിത്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര, കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന യുവതിയെ അമൃതലിംഗം തടയുകയിരുന്നു.
റീലുകൾ അപ്‌ലോഡ് ചെയ്യുന്നതും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതുമായ ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി തർക്കമുണ്ടായി. തുടർന്ന് അമൃതലിംഗം ചിത്രയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. അവർ ബോധംകെട്ടുവീണപ്പോൾ അമൃതലിംഗം പരിഭ്രാന്തനായി വീട്ടിൽനിന്നു ഇറങ്ങിപ്പോയി. ചിത്രയെ മർദിച്ച വിവരം മകളെ അറിയിച്ചു. മകൾ എത്തി പരിശോധിച്ചപ്പോൾ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.