Kerala

കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം; ഗുരുതര പരുക്ക്

തൃശൂര്‍ വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. 42 വയസുകാരനായ അജയന്‍ എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്.

കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

ചെത്തിയുടനെ കള്ള് വേണമെന്ന് ബിസ്മി പറഞ്ഞത് അജയന്‍ സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് വഴിവച്ചത്. തെങ്ങ് പാതി ചരിഞ്ഞപ്പോള്‍ തന്നെ അജയന് തെങ്ങില്‍ നിന്ന് ചാടിയിറങ്ങാന്‍ കഴിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.