Kerala

കൈവിഷത്തിന് ചികിത്സയ്‌ക്കെന്ന പേരില്‍ പീഡനം; മലപ്പുറത്ത് ‘സിദ്ധന്‍ സുബ്രഹ്മണ്യന്‍’ അറസ്റ്റില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍. മുന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞ് ആളുകളെ വരുതിയിലാക്കുകയായിരുന്നു.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലിന്‍ചുവട് ചെകുത്താന്‍ പടിയിലുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു സുബ്രഹ്മണ്യന്റെ പ്രവര്‍ത്തനം. വിവിധ അസുഖങ്ങളുടെ ചികിത്സക്കായാണ് പരാതിക്കാരിയായ യുവതിയും കുടുംബവും ഇവിടെയെത്തിയത്. യുവതിക്കും സഹോദരനും കൈവിഷം ബാധിച്ചതിനാലാണ് അസുഖങ്ങള്‍ മാറാത്തത് എന്ന പേരിലാണ് പ്രതി ചികിത്സ തുടങ്ങിയത്. പാത്രങ്ങള്‍ ഉപയോഗിച്ച് ചികിത്സ എന്ന വ്യാജേനെ യുവതിയുടെ സഹോദരനുമായി അല്‍പ്പനേരം സംസാരിച്ചതിനുശേഷം യുവതിയെ റൂമിലേക്ക് വിളിക്കുകയായിരുന്നു.

പ്രതിയായ സുബ്രമണ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെച്ചു. ശബ്ദംകേട്ട് പരിസരവാസികളും സ്ഥലത്ത് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പ് വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ബന്ധു പഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ചികിത്സ നടത്തിയിരുന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.