Kerala

കുടുംബപ്രശ്‌നം പരിഹരിക്കാന്‍ നഗ്നപൂജ വേണമെന്ന് പറഞ്ഞ് സ്ത്രീകളുടെ ചിത്രങ്ങള്‍ വാങ്ങി; ഓണ്‍ലൈന്‍ മന്ത്രവാദി പിടിയില്‍

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌നവീഡിയോകളും ഫോട്ടോകളും വാങ്ങി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട്സ്വദേശി സുബീഷിനെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോത്സ്യം അറിയാമെന്നും കുടുംബം പ്രശ്‌നം പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 

ഫെയ്‌സ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി മറ്റു യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് കള്ളിക്കാട് സ്വദേശി സുബീഷ് ആദ്യം ചെയ്യുന്നത്.പിന്നാലെ നിരന്തരം ചാറ്റ് ചെയ്തു യുവതികളുമായി സൗഹൃദം സ്ഥാപിക്കും. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ മനസിലാക്കും.ജ്യോത്സ്യം അറിയാമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നഗ്‌ന പൂജ നടത്തുന്നതിന് ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെടും. ഇത് കൈക്കലാക്കി പ്രചരിപ്പിക്കുകയാണ് സുബീഷ് ചെയ്തത്.

നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്.ആനി ഫിലിപ്പ്,സിന്ധു തുടങ്ങിയ പേരുകളില്‍ വ്യാജമായി തുടങ്ങിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി സുബീഷ് യുവതിയെ പരിചയപ്പെട്ടു മന്ത്രവാദിനിയാണെന്ന വ്യാജേന നിരന്തരം ചാറ്റ് ചെയ്തു.തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും കുഞ്ഞും ഉടന്‍ മരിക്കുമെന്ന് ഭയപ്പെടുത്തി.പരിഹാര പൂജയ്ക്ക് നഗ്‌ന ഫോട്ടോകളും വീഡിയോകളും വാങ്ങിയശേഷം യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കും മറ്റും അയച്ച് നല്‍കുകയായിരുന്നു.ഓണ്‍ലൈനിലൂടെ ഇയാള്‍ നിരവധി സ്ത്രീകളെ വലയിലാക്കിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജുകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.