1977 ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാരംഗത്തേക്ക് വരുന്നത്. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മാമുക്കോയയെ തേടി രണ്ടാമതൊരു സിനിമ വരുന്നത്. അതും വൈക്കം മുഹമ്മദ് ബഷീറിന്റെ ഇടപെടലിലൂടെ.
1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ കൊന്നനാട്ടും സംഘവും അദ്ദേഹത്തിൻറെ വീട്ടിൽ എത്തിയിരുന്നു. ബഷീറിനെ ജ്യേഷ്ഠ സഹോദരനായി കണ്ടിരുന്ന മാമുക്കോയ അന്ന് അവിടെ ഉണ്ടായിരുന്നത് യാദൃശ്ചികം. സുറുമയിട്ട കണ്ണുകൾ സിനിമയാക്കുന്ന കാര്യം പറഞ്ഞപ്പോൾ മാമുക്കോയയുടെ കാര്യം ബഷീർ തന്നെ അവതരിപ്പിച്ചു. കോഴിക്കോട് പശ്ചാത്തലമായ നോവൽ സിനിമയാകുമ്പോൾ കോഴിക്കോട്ടെ ഒരു നാടക നടനെ അഭിനയിപ്പിച്ചുകൂടെ എന്നായിരുന്നു മാമുക്കോയയെ ചൂണ്ടിക്കാട്ടി ബഷീർ ചോദിച്ചു. അപ്പോൾ തന്നെ സംഘം അതിന് സമ്മതം മൂളി. അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മാമുക്കോയെ തേടി രണ്ടാമതൊരു വേഷമെത്തി.
സിനിമാ അഭിനയം കഴിഞ്ഞ് തിരിച്ചെത്തിയ മാമുക്കോയയോട് ബഷീർ ആദ്യം ചോദിച്ചത് അഭിനയത്തെ കുറിച്ചോ സീനുകളുടെ എണ്ണത്തെ കുറിച്ചോ ആയിരുന്നില്ല, മറിച്ച് എത്ര രൂപ പ്രതിഫലം ലഭിച്ചുവെന്നാണ്. ആയിരം രൂപ എന്ന് ഉത്തരവും നൽകി. പിന്നീട് എപ്പോൾ കാണുമ്പോഴും പ്രതിഫലം കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചിരുന്നതായി മാമുക്കോയ പറഞ്ഞിട്ടുണ്ട്.