സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് മമ്മൂട്ടിയുടെ നിലപാടിനെപ്പറ്റി വ്യക്തമാക്കിയത്. (mammootty request state government)
സജി ചെറിയാൻ ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാൽ, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ സമയം നൽകണമെന്ന് സജി ചെറിയാൻ അഭ്യർത്ഥിച്ചു. ചെറിയ ചടങ്ങ് മതിയെന്ന് മമ്മൂട്ടി ആവർത്തിച്ചു. ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങൾക്ക് സന്തോഷത്തിൻ്റെ മുഹൂർത്തമാണ് എന്ന് സജി ചെറിയാൻ പ്രതികരിക്കുകയും ചെയ്തു.
കേരളത്തിൻറെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന മഹത്തായതാണെന്ന് സജി ചെറിയാൻ പറഞ്ഞു. മികച്ച ആശയങ്ങൾ സംഭാവന ചെയ്തിട്ടുള്ള മഹാനായ കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ വച്ചാണ് മമ്മൂട്ടിയെ ആദരിക്കുമെന്ന് സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാൽ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കുമെന്ന് സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.
മമ്മൂട്ടി ആദ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമ റിലീസ് ചെയ്തത്ത് 1971 ഓഗസ്റ്റ് ആറിനാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരും സിനിമാപ്രവർത്തകരും തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്നിരുന്നു. ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
സിനിമയിൽ അൻപതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചർച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. ‘ബിഗ് ബി’ക്കു ശേഷം അമൽ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പർവ്വമാണ്’ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ.