Kerala

‘ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി നിദ’ ; ഭാരതത്തിന്റെ അഭിമാനമെന്ന് കെ സുധാകരൻ

ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി നിദ.ഭാരതത്തിന്റെ അഭിമാനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിന് മലപ്പുറം കൽപകഞ്ചേരി ഡോ. അൻവർ അമീന്റെ മകൾ നിദ അൻജും അർഹയായിരിക്കുന്നു.

ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാൾ ഈയൊരു ഇനത്തിൽ പങ്കെടുക്കുന്നതെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ വിജയകരമായി റേസ് പൂർത്തീകരിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരമാണ്.

ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു.ഭാരതത്തിന്റെ അഭിമാനമായി മാറിയ നിദ അൻജുംന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിലാണ് മത്സരം നടന്നത്. മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂർ മാത്രം സമയമെടുത്ത്ത് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തു.

25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന നിരക്കൊപ്പമാണ് നിദ “എപ്‌സിലോൺ സലോ” എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോർക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി.

നിദയും കുതിരയും ആദ്യ ഘട്ടത്തിൽ 23-ാമതായും, രണ്ടാമത്തേതിൽ 26-ാമതായും, മൂന്നിൽ 24-ാമതായും, ഫൈനലിൽ 21-ാമതായും നാലു ഘട്ടങ്ങൾ ഫിനിഷ് ചെയ്ത് ഇന്ത്യൻ പതാക പുതിയ കായിക ചരിത്രത്തിലേയ്ക്ക് ഉയർത്തി. മണിക്കൂറിൽ 16.7 കി.മീ വേഗതയാണ് നിദ നിലനിർത്തിയത്.