Kerala National

മുംബൈയിലെ എസ് കുമാര്‍ ജ്വല്ലറി തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; നഷ്ടമായത് കോടികള്‍

നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി മുംബൈയിലെ മലയാളികള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്.ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്.

പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വലറി ഉടമ ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്.കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു.നിക്ഷേപത്തിന്റെ കാലാവധി കഴിയാറാകുമ്പോള്‍ ആനുപാതിക സ്വര്‍ണമോ പലിശ സഹിതം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പില്‍ അകപ്പെട്ടവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. മുംബൈയില്‍ നെരുള്‍, വസായി ,മുളുണ്ട് , കല്യാണ്‍ എന്നിവിടങ്ങളിലായി ആയി 6 ഷോറൂമുകളുണ്ട്. കൊവിഡ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജ്വല്ലറി അടച്ചുപൂട്ടിയത്. ഇതിനിടയില്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കൂട്ടമായി എത്തിയെങ്കിലും സാധിക്കാതെ വരികയായിരുന്നു.

ഇതിനിടയില്‍ മുംബൈയില്‍ നിന്ന് മുങ്ങിയ ജ്വല്ലറി ഉടമ സ്വദേശമായ തിരുവല്ലയില്‍ എത്തി ആത്മഹത്യക്ക് ശ്രമിച്ചു.പരാതി നല്‍കിയിട്ടും മാസങ്ങളായിയെങ്കിലും പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നിക്ഷേപകര്‍.