നോവലിസ്റ്റ് നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്.
സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായണിന്റെ പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയാണ് പ്രധാന കൃതി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. കൊച്ചരേത്തിക്ക് 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെയില്ല എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളിയെന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് പുറമെ (1999), അബുദാബി ശക്തി അവാർഡ്(1999), തോപ്പിൽ രവി അവാർഡ്(1999) എന്നിവയും നേടിയിട്ടുണ്ട്.