പരാതിയിൽ നടപടി സ്വീകരിക്കാൻ ഗവർണർ ഉന്നത വിദ്യാഭ്യാസ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതിയിൽ ചാൻസലർ കൂടിയായ ഗവർണർ ഇടപെടുന്നു. ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ ഗവർണർ ഉന്നത വിദ്യാഭ്യാസ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഭൂമിയിടപാടിൽ ക്രമക്കേട് നടന്നെന്നും പണം നൽകരുതെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
പരാതിയിൽ നടപടി സ്വീകരിക്കാന്‍ ഗവർണർ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടതോടെ ഭൂമിയിടപാടിൽ ഗവർണർ നേരിട്ട് ഇടപെടുകയാണ്. പഠനം നടത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച സമിതി, നിർദ്ദിഷ്ട ഭൂമി പരിസ്ഥിതി ലോല പ്രദേശത്താണെന്നും നിർമാണ പ്രവൃത്തികൾക്ക് അനുയോജ്യമല്ലെന്നും കണ്ടെത്തിയിരുന്നു.
കണ്ടെത്തൽ മറികടന്നാണ് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ട് പോയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഗഫൂർ പി ലില്ലീസിന്‍റെയും താനൂർ എംഎൽഎ വി അബ്ദുറഹിമാന്‍റെയും ബന്ധുക്കളുടെയാണ് ഏറ്റെടുത്ത ഭൂമിയെന്ന ആരോപണവുമുയർന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ അറിവോടെയാണ് മലയാളം സർവ്വകലാശാല ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ ക്രമക്കേടുകളും നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിൽ ഗവർണർ ഇടപെട്ടതോടെ ഉടമകൾക്ക് ബാക്കി പണം കൈമാറാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം അനിശ്ചിതത്വത്തിലാകും. മലയാളം സർവ്വകലാശാലക്ക് സ്വന്തം കെട്ടിടം പണിയാൻ സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക് കൊടുക്കാനുള്ള ബാക്കി തുക കൂടി കൊടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.