India Kerala

മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറത്ത് തീരദേശ മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ മുസ്‌ലിം ലീഗ് – സി.പി.ഐ.എം ഉന്നത നേതാക്കൾ ഇടപെട്ട് ചർച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാൾ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്.