Kerala

മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്

മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .നിലവിൽ വന്ന് അരനൂറ്റാണ്ടിലൽ അധികമാകുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല, അടിസ്ഥാന സൗകര്യങ്ങളിലടക്കം ഇപ്പോഴും പിന്നിലാണ്. മലപ്പുറത്തിന്റെ സമഗ്രമായ വികസനത്തിന് ജില്ല വിഭജിക്കണമെന്ന ഏറെ കാലമായുള്ള ആവശ്യം ഇപ്പോൾ ശക്തമാണ് .

1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. ജില്ല നിലവിൽ വന്ന് അമ്പത്തിരണ്ട് വർഷമാകുന്ന ഈ കോവിഡ് കാലത്ത് ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയാണ് പ്രധാന ചർച്ചയാകുന്നത്, ഇതോടൊപ്പം വിദ്യാർത്ഥികൾക്കാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജില്ലയിലെ കുറവും ഈ അധ്യയന വർഷത്തിലും വിദ്യർത്ഥികൾക്ക് തിരിച്ചടിയായി .

സംസ്ഥാനത്ത് ജനസംഖ്യയിൽ ഏറെ പിന്നിലുള്ള ജില്ലകളിലുണ്ടാകുന്ന അതേ പദ്ധതികളും വികസനങ്ങളുമാണ് നാല്പത്തിയഞ്ച് ലക്ഷത്തോളം ജനസംഖ്യ കണക്കാക്കുന്ന ജില്ലയിലും നടപ്പാക്കുന്നത്. ഇത് വികസനകാര്യങ്ങളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് ജില്ലാ വിഭജനം ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

പുതിയ ജില്ല രൂപീകരിച്ചാൽ, ഏതാണ്ട് 22 ലക്ഷത്തിന് മുകളിൽ ജനങ്ങൾ രണ്ട് ജില്ലയിലുമുണ്ടാകും. ഈ ജനസംഖ്യാ കണക്ക് തന്നെ സംസ്ഥാനത്തെ മറ്റു പല ജില്ലകളേക്കാൾ കൂടുതലാണ്. എല്ലാ ജനങ്ങളും വികസന ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ ജില്ലാ വിഭജനം അനിവാര്യമാണെന്ന വാദമാണ് ഉയരുന്നത്. അടിസ്ഥാന വികസനത്തിൽ മലപ്പുറം ഏറെ പിന്നാലണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും പരിഹാര മാർഗങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുടെയും വിമർശനം. ജില്ലാ രൂപീകരണത്തിന്റെ അമ്പത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്