India Kerala

ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായ മലപ്പുറത്തിന്റെ തീരദേശം

മലപ്പുറത്തിന്റെ തീരദേശം ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്ന പൊന്നാനിക്ക് സമ്പന്നമായ വാണിജ്യ സാംസ്‌കാരിക ചരിത്രവുമുണ്ട്. തൊട്ടടുത്തുള്ള തിരൂരിലാണ് ഭാഷാ പിതാവിന്റെ നാട്.

പൊന്നാനിയും തിരൂരും അടങ്ങുന്ന മലപ്പുറത്തിന്റെ തീരദേശത്തിന് രാജവാഴ്ചയുടെയും അധിനിവേശത്തിന്റെയും മാത്രമല്ല, ജ്ഞാനത്തിന്റെയും കലയുടേയും സമ്പന്നമായ ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച വിഖ്യാത ജ്ഞാനിയും നവോത്ഥാന നായകനുമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ദീന്‍ മഖ്ദൂമാണ്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് ഈ ഗ്രന്ഥം. തിരൂരിലാണ് ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാട്. വള്ളത്തോള്‍ നാരായണമേനോനും കുട്ടികൃഷ്ണമാരാരുമെല്ലാം ഈ മണ്ണില്‍ ജനിച്ചവാണ്.

നാവികപ്പടക്കായി സാമൂതിരി പൊന്നാനിയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച മരക്കാര്‍മാര്‍ പിന്നീട് മേഖലയെ പത്തേമാരി വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റി. മുംബൈ, അഹ്മദാബാദ് അടക്കമുള്ള നഗരങ്ങളുമായും വിദേശ രാഷ്ട്രങ്ങളുമായും ഇതുവഴി പൊന്നാനിക്കാര്‍ വാണിജ്യ ബന്ധമുണ്ടാക്കി.

മലപ്പുറത്തിന്റെ തീരദേശത്തിനുള്ള ചരിത്രപരവും സാംസ്‌കാരികവുമായ പ്രധാന്യം കൂടി പരിഗണിച്ചാണ് മലയാളം സര്‍വ്വകലാശാല തിരൂരില്‍ സ്ഥാപിച്ചത്.