India Kerala

ചരിത്ര പുസ്തകങ്ങള്‍ക്ക് വേണ്ടാത്ത മേല്‍മുറിയിലെ കൂട്ടക്കൊലയുടെ തിരുശേഷിപ്പുകള്‍

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ രക്തരൂക്ഷിത പോരാട്ടം നടത്തിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറം. അധിനിവേശത്തിനെതിരായ മലബാര്‍ സമരത്തിന്‍റെ ചരിത്രം ഇനിയും പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം മേല്‍മുറിയിലേയും അധികാരത്തൊടിയിലേയും ഖബറുകളില്‍ അടക്കപ്പെട്ടത് ഇനിയും രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയാണ്.

മലപ്പുറം മേല്‍മുറിയില്‍ ബ്രിട്ടീഷ് വിരുദ്ധരായ വലിയൊരു സംഘത്തെ കണ്ടു. അവിടെ ഡോര്‍സെറ്റ് റെജിമെന്‍റിലെ സായുധ സംഘം നടത്തിയ ഓപ്പറേഷനില്‍ 246 പേര്‍ കൊല്ലപ്പെട്ടു. മലബാറിലെ ബ്രിട്ടീഷ് ജനറല്‍ കമാന്‍റിങ് ഓഫീസര്‍ 1921 ഒക്ടോബര്‍ അഞ്ചിന് അയച്ച ഒരു ടെലഗ്രാം സന്ദേശമാണിത്.

മേല്‍മുറിക്ക് സമീപമുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് സൈന്യം വളയുകയും സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ വെടിവെച്ചു കൊല്ലുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള അധിനിവേശ സര്‍ക്കാരിന്‍റെ ഭാഷ്യമാണിത്. മേല്‍മുറിയിലും അധികാരത്തൊടിയിലും ഒമ്പതിടങ്ങളിലായി ഇതുപോലെ ഖബറുകള്‍ സംരക്ഷിക്കുന്നത് കാണാം. ബ്രിട്ടീഷ് സൈന്യം കൊന്നു തള്ളിയ പത്തും പതിനഞ്ചും മാപ്പിളമാരെ കൂട്ടത്തോടെ മറമാടിയ സ്ഥലങ്ങളാണിത്. രക്ത സാക്ഷികളായ ആ മനുഷ്യരുടെ പിന്‍തലമുറക്കാര്‍ ഇവിടെ ഇപ്പോഴുമുണ്ട്.

പിതാവിനെ കൊല്ലാന്‍ എത്തിയ ബ്രിട്ടീഷ് സൈന്യത്തെ തടഞ്ഞ് രക്തസാക്ഷിത്വം വരിച്ച പതിനൊന്നുകാരിയുടെ ചരിത്രവും ഈ നാട്ടുകാര്‍ക്കറിയാം. എന്നാല്‍ നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ അതിനൊന്നും ഇടമില്ല. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ തന്നെ നല്‍കിയ മനുഷ്യരുടെ പിന്‍മുറക്കാര്‍ കൂടിയാണ് ഇന്നത്തെ മലപ്പുറം ജനത.