Kerala

ഫോട്ടോഷൂട്ടിന് ബാംഗ്ലൂരിലെത്തിച്ച് ലൈംഗികാതിക്രമം നടത്തി; ഫോട്ടോഗ്രാഫര്‍ക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതി; പൊലീസ് പിന്തുണയില്ലെന്നും ആക്ഷേപം

ലൈംഗിക അതിക്രമത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടികള്‍ വൈകുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ ആരോപണം. ബാംഗ്ലൂരില്‍ ഫോട്ടോഷൂട്ട് ഉണ്ടെന്ന് കള്ളം പറഞ്ഞ് കൊണ്ടുപോവുകയും അവിടെവച്ച് യുവതിക്ക് നേരെ ആലുവ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ലിജോ ലൈംഗിക അധിക്രമം നടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും, താന്‍ തെറ്റ് ചെയ്തത് പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും യുവതി പറഞ്ഞു.

മാര്‍ച്ച് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് പരാതിക്കാരിയും ഫോട്ടോഗ്രാഫറായ ലിജോ ആലുങ്കലും ആലുവ ബൈപ്പാസില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോയത്. ബസ്സില്‍ വെച്ച് ലിജോ പരാതിക്കാരിയോട് ലൈംഗിക ചുവയോട് കൂടി സംസാരിച്ചു. എന്നാല്‍ തനിക്ക് ഇതിനോട് താല്പര്യം ഇല്ലന്നും അത്തരത്തില്‍ കാണുകയാണെങ്കില്‍ ഇവിടെ ഇറങ്ങുകയാണെന്നും പരാതിക്കാരി പറഞ്ഞു. ഇതില്‍ പിന്നീട് ലിജോ മാപ്പ് പറയുകയും ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂര്‍ മജസ്റ്റിക്കിലുള്ള ഒരു ഹോട്ടലില്‍ എത്തി. എന്നാല്‍ രണ്ടുപേര്‍ക്കും കൂടി ഒറ്റ റൂം ആയിരുന്നു ലിജോ ബുക്ക് ചെയ്തിരുന്നത്. തനിക്ക് വേറെ റൂം വേണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ പൈസയ്ക്ക് ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണെന്ന് പറഞ്ഞു. പിന്നീട് റൂമിലെത്തിയപ്പോള്‍ ലിജോ യുവതിക്ക് നേരെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുറിയില്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ഷൂട്ട് നടക്കില്ലെന്നും മോഡല്‍ വരില്ലെന്നും ലിജോ യുവതിയോട് പറഞ്ഞു. പിന്നീട് നാട്ടിലെത്തിയ യുവതി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മോഡലിനോട് സംസാരിച്ചു. എന്നാല്‍ താനെത്തില്ലെന്ന് ലിജോ തന്നെ കൊണ്ട് പറയിപ്പിച്ചതാണ് എന്നായിരുന്നു മോഡലിന്റെ മറുപടി.

തുടര്‍ന്ന് യുവതി പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെല്ലുകയും തങ്ങളുടെ സ്റ്റേഷന്‍ പരിധി അല്ലാത്തതിനാല്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ പരാതി നല്‍കാനും പറഞ്ഞു. പിന്നീട് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ചെല്ലുകയും ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ആറിന് പരാതി നല്‍കുകയും ഏഴാം തീയതി എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഒന്നുമായില്ല. കേസിന്റെ തുടര്‍നടപടികളെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തപോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്നും യുവതി പറഞ്ഞു.