India Kerala

മകരവിളക്ക്: ശബരിമലയില്‍ തിരക്ക് കുറവ്

മകരവിളക്ക് ദിവസമായ ഇന്ന് ശബരിമലയിൽ സാധാരണ ഭക്തജന തിരക്ക് ഇല്ല. കഴിഞ്ഞ തവണ നാല് ലക്ഷത്തോളം ഭക്തരാണ് എത്തിയതെങ്കിൽ ഇത്തവണ ഒന്നര ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനായി എത്തിയിട്ടുള്ളത് . കർശന സുരക്ഷയാണ് പൊലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.

ഇന്ന് ഉച്ചവരെ അൻപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തോളം ഭക്തജനങ്ങളാണ് ദർശനം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് മകര ജ്യോതി ദർശനം നടത്തിയതിന് ശേഷമെ മലയിറങ്ങുകയുള്ളൂ. കഴിഞ്ഞ തവണത്തെ തിരക്ക് ഇല്ലെങ്കിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് കൂടുകയാണെങ്കിൽ മരക്കൂട്ടം മുതൽ നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, പൂർത്തിയാകുന്നത് വെല്ലുവിളികൾ നിറഞ്ഞ മകരവിളക്ക് കാലമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പാണ്ടിതാവളം മുതൽ ദ്രുതകർമ്മസേനയും 108 പടിയുടെ ഭാഗത്ത് ദേശീയ ദുരന്ത നിവാരണ സേനയുമാണ് സുരക്ഷ ഒരുക്കുന്നത്. പ്രധാനമായും എട്ട് പോയിൻറുകളിലാണ് മകരജ്യോതി ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. കാട്ടാന ശല്യം ഉള്ളതിനാൽ കാനന ഭാഗത്തേയ്ക്ക് തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി പോകരുതെന്നും പൊലീസിന്റെ നിർദ്ദേശമുണ്ട്.