മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള മകര സംക്രമപൂജ ശബരിമല സന്നിധാനത്ത് നടന്നു. ഇന്ന് വൈകിട്ട് 6:30നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും മകര ജ്യോതിദർശനവും.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുലർച്ചെ 2.09 നായിരുന്നു ശബരിമല സന്നിധാനത്ത് മകര സംക്രമ പൂജ നടന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിച്ച സമയമായിരുന്നു അത്. മകരസംക്രമ പൂജ നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നതിനാൽ ഇന്നലെ ക്ഷേത്രനട അടച്ചില്ല. മകരസംക്രമ പൂജയ്ക്ക് ശേഷം സംക്രമാഭിഷേകവും സന്നിധാനത്ത് നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍വഴി കൊടുത്തയച്ച നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിച്ചത്. ഇതിനു ശേഷം പുലർച്ചെ 2.30 ന് ഹരിവരാസനം പാടി നട അടച്ചു. മകര സംക്രമ പൂജ കാണാൻ സംഗീത സംവിധായകൻ ഇളയരാജയും സന്നിധാനത്ത് എത്തിയിരുന്നു.
പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയില്‍ എത്തും. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറും. ദീപാരാധന സമയത്താണ് മകരജ്യോതി ദര്‍ശനമുണ്ടാവുക. ഇനി ഒരു പകലിന്റെ കാത്തിരിപ്പാണ് പൊന്നമ്പലമേട്ടിലേക്കാണ് മകര ജ്യോതി ദർശനത്തിനായുള്ളത്.