ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണരംഗം സജീവമാകുന്നു. എൽ.ഡി.എഫിന്‍റെ മണ്ഡലം കൺവൻഷൻ കഴിഞ്ഞ ദിവസം ഉപ്പളയിൽ ചേർന്നു. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾ ഇന്നു മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഇത്തവണ മഞ്ചേശ്വരം മണ്ഡലം ജയിക്കാനുറച്ചാണ് എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എല്‍.ഡി.എഫിന്‍റ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയതാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതിക്കാണ് മണ്ഡലത്തിന്റെ പ്രചരണ ചുമതല .റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ടി.വി രാജേഷ് എം.എല്‍.എയടക്കമുള്ള നേതാക്കൾക്കും പ്രചരണ ഏകോപന ചുമതലയുണ്ട് . പ്രചരണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കി ഇടതുമുന്നണി രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ കഴിഞ്ഞ ദിവസം ഉപ്പളയിൽ വച്ച് നടന്നു. പ്രാദേശിക തലത്തിൽ നിന്നുള്ള സ്ഥാനാർഥിയിലൂടെ ഇത്തവണ മണ്ഡലം പിടിക്കാമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. മണ്ഡലത്തിലെ മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടിന്‍റെ വ്യത്യാസം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മണ്ഡലത്തിൽ വ്യക്തമായ ആധിപത്യമുള്ള എല്‍.ഡി.എഫിന്‍റെയും പ്രചരണം സജീവമാണ്.
പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ സംസ്ഥാന നേതാക്കളും ഇന്ന് മണ്ഡലത്തിലെത്തും. പെരിയ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധി ഉയർത്തിക്കാട്ടിയാകും മണ്ഡലത്തിൽ യു.ഡി.എഫിന്‍റെ ഇനിയുള്ള പ്രചരണം. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകി വന്ന എന്‍.ഡി.എ ഇനിയും സജീവമായി പ്രചരണം ആരംഭിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാനത്തിനു പിന്നാലെ മണ്ഡലത്തിലെ ബി.ജെ.പിയിൽ ഉടലെടുത്ത പ്രശ്നങ്ങളും എന്‍.ഡി.എക്ക് ഉപതെരഞ്ഞെടുപ്പിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാർഥിയുടെ പ്രചരണം കൂടി സജീവമാകുന്നതോടെ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ആവേശത്തിലാകും.