India Kerala

പൂതനാ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം

പൂതനാ പരാമർശം സജീവമായി നിലനിർത്താൻ യു.ഡി.എഫ് നീക്കം. ഇന്ന് അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ നടക്കും.

മന്ത്രി ജി.സുധാകരന്‍ ക്ലീന്‍ ചിറ്റ് നൽകി കളക്ടറുടെ റിപ്പോർട്ട് വന്നെങ്കിലും പിന്നോട്ടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. മന്ത്രി മാപ്പ് പറയാതെ വിഷയം അവസാനിപ്പിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഇലക്ഷൻ വരെ പൂതനാ പരാമർശം സജീവമായി നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. ഇന്ന് ഉച്ചക്ക് ശേഷം അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. യു.ഡി.എഫിന്റെ വിവിധ കക്ഷി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.

സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകർ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കലക്ടർക്കും പൊലീസിനും മേൽ സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദമുള്ളതിനാൽ നിക്ഷ്പക്ഷ അന്വേഷണം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കാത്തതിലും അമർഷമുണ്ട്. പൂതനാ പരാമർശം അടഞ്ഞ അധ്യായമായി തന്നെയാണ് എൽ.ഡി.എഫ് കാണുന്നത്. അതിനാൽ ആ കാര്യത്തിൽ പരസ്യ പ്രതികരണങ്ങളിലേക്ക് എൽ.ഡി.എഫ് നേതാക്കൾ കടക്കുന്നില്ല.