Kerala

മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. (mahila congress protest police)

200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന് മഹിളാ കോൺഗ്രസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പരാതി. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് പൊലീസിൻ്റെ ഏകപക്ഷീയമായ നടപടിയാണെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ സിറ്റി പൊലീസ് കമ്മീഷണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്നാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക.

നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരുന്നു. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻ്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ സിനിമാ സെറ്റുകളിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.