Kerala

തരൂരിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍

ശശി തരൂരിന് പിന്നാലെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനം. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്.

ശശി തരൂരിനെയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ഉദ്ഘാടകനായി മഹല്ല് എംപവര്‍മെന്റ് മിഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട്ടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സംഘാടകര്‍ തരൂരിനെ ഒഴിവാക്കുകയും പകരം പ്രതിപക്ഷ നേതാവിനെയോ കെ മുരളീധരനെയോ വേദിയിലെത്തിക്കാനും ആലോചിച്ചിരുന്നു.

എം എ ബേബിയായിരുന്നു തരൂരിന് പുറമെ ക്ഷണമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ നേതാവ്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് എം എ ബേബി വിശേഷിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെയും പിന്നീട് ഒഴിവാക്കി. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് ആര്‍ക്കും വേദിയില്‍ ഇടം നല്‍കേണ്ടതില്ലെന്ന് മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനിക്കുകയായിരുന്നു. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ പക്ഷേ പരസ്യ പ്രതികരണത്തിന് മഹല്ല് എംപര്‍മെന്റ് മിഷന്‍ ഭാരവാഹികള്‍ തയ്യാറായില്ല.

തിരുവനന്തപുരം നഗരസഭയിലെ മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് ഐക്യദാര്‍ഢ്യ സമ്മേളനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം തട്ടകത്തിലുണ്ടായ എതിര്‍പ്പും മുറിവുമുണക്കാന്‍ ശശി തരൂര്‍ ഇടപെടല്‍ നടത്തുമോ എന്നതാണ് ഇനി ശ്രദ്ധേയം.