ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി എം.എ യൂസഫലി പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ അദ്ദേഹവും കുടുംബവും അബൂദാബിയിലേക്കാണ് യാത്ര തിരിച്ചത്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഇന്നലെ പനങ്ങാട് വെച്ചാണ് എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ 6 പേർ ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്‍റെ മൊഴി.
വൈകിട്ടോടെ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ യൂസഫലി ആശുപത്രി വിട്ടു. അതേസമയം അപകടത്തിൽപ്പെട്ട ഹെലികോപ്ടർ സംഭവസ്ഥലത്ത് നിന്ന് നീക്കി. നെടുമ്പാശേരി വിമാനത്താവളത്തിലേക്കാണ് ഹെലികോപ്ടർ മാറ്റിയത്.