Kerala

ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ

അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതിൽ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിലപാടാണ് പി ജയരാജന്റേത്. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിനെതിരെയാണ് എം വി ജയരാജന്റെ പ്രതികരണം.പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നുമായിരുന്നു അർജുൻ ആയങ്കിയുടെ മുന്നറിയിപ്പ്. അനാവശ്യകാര്യങ്ങൾക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അതാർക്കും ഗുണം ചെയ്യുകയില്ലെന്നും അർജുൻ ആയങ്കി കുറിപ്പിൽ പറഞ്ഞിരുന്നു

അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് ഐ നിലപാടിൽ പ്രകോപിതനായാണ് ആരോപണങ്ങളെന്നും ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.