India Kerala

‘സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെ, എസ്എഫ്ഐയുമായി ചർച്ച നടത്തും’; എം വി ​ഗോവിന്ദൻ

സ്വകാര്യ-വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ തന്നെ സ്വകാര്യ നിക്ഷേപമുണ്ട്. എസ്എഫ്ഐയുമായി ചർച്ച നടത്തും. നിയന്ത്രണങ്ങൾ ഉണ്ടാകും. സ്വകാര്യ നിക്ഷേപം നയം മാറ്റമല്ല. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയും.സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

സിപിഐഎം നയത്തിൽ മാറ്റമില്ല. സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദൻ്റെ പരാമർശം.

ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ ഇന്നലെ പ്രതികരിച്ചു. വിദേശ സർവകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേർത്തു. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു പറഞ്ഞു.