ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സ്വർണക്കടത്ത് കേസിലും കോടതി ശിവശങ്കറിന് ജാമ്യം നൽകിയിരുന്നു.
കാക്കനാട് ജില്ലാ ജയിലിലായിരുന്നു ശിവശങ്കര്‍. കോടതി നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് ജയില്‍ മോചിതനായത്. 98 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ജയിലില്‍ ഇന്ന് പുറത്തിറങ്ങിയ അദ്ദേഹം, മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകൾ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.
രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്വർണക്കടത്ത് കേസിൽ ജാമ്യം നൽകിയ വേളയിൽ ഇതേ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിരുന്നത്.
വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.