India Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. സെക്രട്ടേറിയറ്റിന് മുമ്പിലെ മരത്തില്‍ കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ജീവനക്കാരിയെ താഴെയിറക്കി.

ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. പൊലീസ് സഹായത്തോടെ ഇന്നലെ രാത്രി 11.30 നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തെ തുടര്‍ന്ന് പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു. സഹോദരന്റ കസ്റ്റഡി മരണത്തിന് കാരണക്കാരായ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷമായി സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപ്പന്തലും പൊളിച്ച് നീക്കി.