Kerala

തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

കെ. എം മാണിയുടെ മരുമകൻ എം. പി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. എം. പി ജോസഫിനെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പരിഗണിക്കുന്നതായാണ് വിവരം. ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായാകും എം. പി ജോസഫ് മത്സരിക്കുക.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം. പി ജോസഫ്. അപ്രതീക്ഷിത സ്ഥാനാർത്ഥിയായാകും എം.പി ജോസഫ് തൃക്കരിപ്പൂരിൽ എത്തുക. തൃക്കരിപ്പൂരിൽ എം.പി ജോസഫിനെ പരിഗണിക്കാനുള്ള തീരുമാനം ഇന്നലെയാണ് ഉണ്ടായത്. കേരള കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ എം.പി ജോസഫിന് സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. തൃക്കരിപ്പൂരിൽ ആദ്യഘട്ടത്തിൽ സജി മഞ്ഞക്കമ്പലിനേയും കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജെസ്‌റ്റോ ജോസഫിനേയുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇടതിന് ശക്തമായ മുന്നേറ്റമുള്ള തൃക്കരിപ്പൂരിൽ പ്രമുഖനായ ഒരു നേതാവിനെ പരിഗണിച്ചാൽ മാത്രമേ മണ്ഡലം പിടിക്കാൻ സാധിക്കൂ എന്ന നിഗമനത്തിലാണ് എം. പി ജോസഫിനെ യുഡിഎഫ് തെരഞ്ഞെടുത്തത്. മുസ്ലിം ലീഗിന്റേയും കോൺഗ്രസിന്റേയും ഇതിന് പുറമേ കത്തോലിക്കാ സഭയുടേയും പിന്തുണ എം. പി ജോസഫിനുണ്ട്.