India Kerala

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിന്; എം.എം മണി

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്ന് എം.എം മണി. നടപടി ജനാധിപത്യ വിരുദ്ധമാണ്. മോദി വിമർശനം കേൾക്കാൻ ബാധ്യതസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി മുസ്ലിംകളെ കശാപ്പ് ചെയ്ത ആളാണെന്നും മണി വിമർശിച്ചു. എല്ലാവരും ഒന്നിച്ച് രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയെ എതിർക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.

അതിനിടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

അതേസമയം ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുക എന്നത് ബിജെപിയുടെ അജണ്ടയെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. നടപടിയിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.