Kerala

‘ഒരു അവാര്‍ഡ് കൊണ്ട് മാറുന്നതല്ല സാമൂഹ്യവ്യവസ്ഥിതി’; അംഗീകാരങ്ങളുടെ ഭാഗമാകാനില്ലെന്ന് പ്രൊ.എം കുഞ്ഞാമന്‍

ഒരു അവാര്‍ഡ് കൊണ്ട് മാറുന്നതല്ല സാമൂഹ്യവ്യവസ്ഥിതിയെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച പ്രഫസര്‍ എം.കുഞ്ഞാമന്‍. അവാര്‍ഡ് നിരസിച്ചതിന് വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണുള്ളതെന്ന് എം.കുഞ്ഞാമന്‍ പറഞ്ഞു. ജീവിതത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങളുടെ ഭാഗമാകാനില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ആത്മകഥാ വിഭാഗത്തിലാണ് കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത്. വ്യവസ്ഥാപിത താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു ദളിത് ചിന്തകനും സാമ്പത്തിക ശാസ്ത്ര പണ്ഡിതനുമായ എം കുഞ്ഞാമന്റെ ആത്മകഥ. എതിര് എന്ന പുസ്തകത്തിന് ലഭിച്ച പുരസ്‌കാരത്തിലും കുഞ്ഞാമന് യോജിപ്പില്ല. ജീവിതത്തില്‍ അംഗീകാരങ്ങളുടെ ഭാഗമാകാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പിന്നാക്കക്കാരില്‍ നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയത് കൊണ്ടോ അവാര്‍ഡുകള്‍ നല്‍കിയത് കൊണ്ടോ സമൂഹ്യവ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. നയപരമായ ഇടപെടലുകളാണ് അതിനാവശ്യമെന്ന് കുഞ്ഞാമന്‍ ആവര്‍ത്തിക്കുന്നു. ദളിത് ജീവിതത്തിന്റെ തീക്ഷണമായ അനുഭവങ്ങള്‍ ഉള്‍ച്ചേര്‍ത്ത കുഞ്ഞാമന്റെ ആത്മകഥയായ എതിര് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്.

ബുധനാഴ്ചയാണ് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എം കുഞ്ഞാമന്റെ എതിരിനും പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന പുസ്തകത്തിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.