Kerala

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് എം. കെ മുനീർ.

മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് ഉപ പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് മറികടക്കാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരുമെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ഡി കുറ്റപത്രത്തിലെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് മുനീറിൻ്റെ പ്രതികരണം

കുറിപ്പിൻ്റെ പൂർണ രൂപം താഴെ….

സത്യാനന്തര കാലത്ത്‌ സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. അതാണ് അദ്ദേഹം നിയമോപദേശം തേടിയത്.

പ്രൊട്ടോകോൾ ഓഫീസിലെ തീപിടുത്തം ഇത്തിരി കടന്ന കയ്യായിപ്പോയി. ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ. ഫോറൻസിക്കുകാരും ഇനി കേന്ദ്ര ഏജൻസി വല്ലതുമാകുമോ ?

പാരിസ്ഥിതിക അനുമതിയില്ലാതെ തുരങ്കം നിർമ്മിക്കുന്നതും തീപിടിക്കാത്ത സാനിറ്റൈസർ നിർമ്മിച്ചതും ഒക്കെ ഭരണനേട്ടങ്ങൾ ആണ്. പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം നടന്നപ്പോൾ കാട്ടിയ വെപ്രാളം എന്തിനായിരുന്നു? മാധ്യമങ്ങളെ തടയുന്നു. ചീഫ് സെക്രട്ടറി സെക്രട്ടറിയേറ്റിലെ ഡിജിപി ആകുന്നു. പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും പുറത്തുനിർത്തി ഗേറ്റ് പൂട്ടുന്നു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നപേരിൽ മാധ്യമങ്ങൾക്കെതിരെ നടപടി നീക്കം ഉണ്ടാകുന്നു. പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ മാനനഷ്ടം.

മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം.
എല്ലാം ശരിയാകും ചിലർ വരുമ്പോൾ.

എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് . മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട്? സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും തെളിയുകയാണ് .

അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണം ആണ്!!

ഈ രോഗലക്ഷണങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും !!!